നിലമ്പൂര്‍: കാട്ടാനയുടെ മുന്നില്‍പ്പെട്ട ജവാന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ചാലിയാര്‍ പഞ്ചായത്തിലെ മൈലാടിപൊട്ടി സ്വദേശി അമ്പാഴത്തൊടി ശരത്ത് (23) ആണ് കഴിഞ്ഞ ദിവസം രാത്രി 10 ഓടെ വീടിന് സമീപം കാട്ടാനയുടെ മുന്നില്‍പ്പെട്ടത്. നിലമ്പൂരില്‍ നിന്നും മൈലാടി പൊട്ടിയിലെ വീട്ടിലേക്ക് ബൈക്കില്‍ വരുമ്പോഴായിരുന്നു സംഭവം.
കാട്ടാനയെ തൊട്ടരികില്‍ കണ്ടുഭയന്ന ശരത്ത് ബൈക്കില്‍ നിന്ന് ഇറങ്ങിയോടി രക്ഷപ്പെടുകയായിരുന്നു. പുഴയോരത്തെത്തിയ ആനയെ ആര്‍ആര്‍ടിയിലെ വനപാലകരെത്തി പടക്കം പൊട്ടിച്ചും റബര്‍ ബുള്ളറ്റ് ഉപയോഗിച്ച് വെടിവെച്ചും കാടുകയറ്റുകയായിരുന്നു. പ്രദേശത്ത് തെരുവ് വിളക്കില്ല. നിരന്തരമായി ആവശ്യപ്പെട്ടിട്ടും പഞ്ചായത്ത് നടപടി സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം. മൈലാടിപൊട്ടി ഭാഗത്ത് പുലി സാന്നിധ്യവുമുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഇവിടെ വനംവകുപ്പിന്റെ ജണ്ടയില്‍ പുലിയെയും കണ്ടിരുന്നു.